ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി 2.6 ലക്ഷം ഭക്ഷണ പൊതികള്‍ തയ്യാറാക്കി വിതരണം ചെയ്യാമെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു. ഭക്ഷണ വിതരണം അതത് ജില്ലാ ഭരണകൂടങ്ങള്‍ നടത്തണം. ഇക്കാര്യം എല്ലാ ജില്ലാ ഭരണ കൂടങ്ങളേയും അറിയിച്ചതായി റെയില്‍ വേ മന്ത്രാലയം ബുധനാഴ്ച് അറിയിച്ചു. റെയില്‍വേ അടുക്കളകളുടെ വിവരവും ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറുകളെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഭക്ഷണ വിതരണം നടത്താന്‍ തയ്യാറാണെന്നും റെയില്‍ വേ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമെങ്കില്‍ നല്‍കാനും റെയില്‍വേ തയ്യാറാണ്. എന്നാല്‍ ഒരു പൊതിക്ക് 15 രൂപ നിരക്കില്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും റെയില്‍ വേ അറിയിച്ചു. ഐ.ആര്‍.സി.ടി.സി ഭക്ഷണം തയ്യാറാക്കുന്നതില്‍അനുകൂല നിലപാട് രേഖപ്പെടുത്തിയതായി റെയില്‍ വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഒരു ലക്ഷം ഭക്ഷണ പൊതികള്‍ ദിനംപ്രതി റെയില്‍വേ വിതരണം ചെയ്യുന്നുണ്ട്. റെയില്‍വേയുടെ നാല് സോണുകളും ആവശ്യപ്പെടുന്നതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. സൗത്ത് സോണില്‍ ഹുബ്ലി, ബംഗളൂരു, തിരുച്ചിരപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലടക്കം നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് .