ന്യൂഡൽഹി: ഈ വർഷം ജൂൺ 30 വരെ നടത്താനിരുന്ന സർവീസുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. റെയിൽവേ ബോർഡ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ മെയിൽ അഥവാ എക്സ്പ്രസ് ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകൾ, സബ്‌അർബൻ/ ലോക്കൽ ട്രെയിനുകൾ എന്നിവയുടെ സർവീസുകൾ നിർത്തിവച്ചതായി വ്യക്തമാക്കുന്നു. അതേസമയം, ഷ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ, മെയ് 12 മുതൽ ഓടിത്തുടങ്ങിയ പ്രത്യേക സർവീസുകൾ, പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി ഇനിയും സർവീസുകൾ ആരംഭിക്കേണ്ട പ്രത്യേക ട്രെയിനുകൾ എന്നിവയ്‌ക്ക് ഇത് ബാധകമല്ല. മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ ബുക്കിങ്ങുകള്‍ക്കും തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേയുടെ പുതിയ മാർഗരേഖയിൽ പറയുന്നു.
മെയ് 22 മുതൽ സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകൾക്കായുള്ള ബുക്കിംഗ് മെയ് 15 മുതൽ ആരംഭിക്കും. എന്നാൽ, ആർഎസി ടിക്കറ്റുകളുടെ സേവനം ലഭ്യമായിരിക്കില്ല. പിആർഎസ് കൗണ്ടർ വഴി ടിക്കറ്റ് റദ്ദാക്കാനുള്ള സമയപരിധി 280 ദിവസത്തേക്ക് നീട്ടുമെന്നും റെയിൽവേ അറിയിച്ചു.