ന്യൂഡൽഹി: അൻപതാം ജന്മദിനാഘോഷം വേണ്ടന്നുവച്ച് മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. കൊവിഡ് -19 പകർച്ചവ്യാധിയും ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിലുണ്ടായ 20 കരസേനാംഗങ്ങളുടെ മരണവും കണക്കിലെടുത്ത് അമ്പതാം ജന്മദിനം ആഘോഷിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ഒരു ആഘോഷവും സംഘടിപ്പിക്കരുതെന്ന് പാർട്ടി സംസ്ഥാന, ജില്ലാ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന എല്ലാവർക്കും പിന്തുണയും ആശ്വാസവും നൽകുന്നതിനുള്ള ശ്രമങ്ങൾ പാർട്ടി അംഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെസി വേണുഗോപാൽ പറഞ്ഞു. ദരിദ്രർക്കായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാനും കമ്മ്യൂണിറ്റി അടുക്കളകൾ ഒരുക്കാനും വേണുഗോപാൽ പാർട്ടി അംഗങ്ങളോട് നിർദേശിച്ചു.
മാതൃരാജ്യത്തെ സംരക്ഷിച്ച് ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അനുസ്മരിച്ച് രണ്ട് മിനിറ്റ് മൗന പ്രാർത്ഥന നടത്താനും പാർട്ടിയുടെ സംസ്ഥാന, ജില്ലാ യൂണിറ്റുകളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ വെള്ളിയാഴ്ച രാജ്യവ്യാപകമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും പകർച്ചവ്യാധി ബാധിച്ച പാവപ്പെട്ടവർക്ക് ധന സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുല്‍ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നു.