ഹൈദരാബാദ്: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരി, ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ സിംഗിൾസ് താരം, ലോക ടൂർ ഫൈനലിൽ വിജയിച്ച ആദ്യ ഇന്ത്യക്കാരി. പിവി സിന്ധു എന്നറിയപ്പെടുന്ന 24 കാരിയായ പുർസല വെങ്കട സിന്ധു സ്വന്തമാക്കിയ നേട്ടങ്ങൾ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതാണ്.
1995 ജൂലൈ അഞ്ചിന് ഹൈദരാബാദിൽ ജനിച്ച പിവി. സിന്ധു 2009ൽ സബ് ജൂനിയർ ഏഷ്യൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം നടത്തി. ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി സിന്ധു ബാഡ്മിന്‍റൺ കായിക രംഗത്ത് തന്‍റെ സ്ഥാനം പിടിച്ചെടുത്തു.
ദേശീയ വോളിബോൾ കളിക്കാരായ പിവി രമണയുടെയും വിജയയുടെയും മകളാണ് ലോക ആറാം നമ്പർ താരം സിന്ധു. എട്ടാം വയസ്സിൽ ബാഡ്മിന്‍റൺ കളിക്കാൻ തുടങ്ങിയ ഗോപിചന്ദ് ബാഡ്മിന്‍റൺ അക്കാദമിയിൽ ചേർന്നതോടെയാണ് ലോകശ്രദ്ധയിലേക്ക് ഉയർന്നത്. പുല്ലേല ഗോപിചന്ദിന്‍റെ പരിശീലനത്തില്‍ സിന്ധു നേട്ടങ്ങൾ വെട്ടിപ്പിടിച്ചു. 2012 സെപ്റ്റംബറിൽ 17 വയസ്സുള്ളപ്പോൾ ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷൻ ലോക റാങ്കിംഗിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയതിന് ശേഷം സിന്ധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് നടന്നത് ചരിത്രം. 2013ൽ സിംഗപ്പൂരിന്‍റെ ഗു ജുവാനെ പരാജയപ്പെടുത്തി ആദ്യ ഗ്രാൻഡ് പ്രിക്സ് വിജയം നേടി. 2013ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സിന്ധു തൊട്ടടുത്ത വർഷവും ആ നേട്ടം ആവർത്തിച്ചു.
2014 ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സിന്ധു ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറി. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സിംഗിൾസ് താരം എന്ന റെക്കോഡ് സൃഷ്ടിച്ചു.
2017ൽ 'ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ്' നേടിയ അവർ പിന്നീട് 'ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ' വെള്ളി മെഡൽ സ്വന്തം പേരില്‍ എഴുതിച്ചേർത്തു. 2018 ലെ ലോക ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്തിയ ശേഷം, തുടർച്ചയായി മൂന്ന് പ്രധാന മത്സരങ്ങളിൽ ഫൈനലിലെത്തിയ ലോകത്തിലെ ആദ്യ ബാഡ്മിന്‍റൺ താരമായി മാറി. അതിനു ശേഷം വേൾഡ് ടൂർ ഫൈനലില്‍ ജപ്പാൻ താരം നൊസോമി ഒകുഹാരയെ 21-19, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ചപ്പോൾ 24-ാം വയസ്സിൽ സിന്ധു ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് വേൾഡ് ടൂർ ഫൈനൽ കിരീടം ഉയർത്തിയ ആദ്യ ഇന്ത്യക്കാരിയായി.
സമ്മാനത്തുകയിൽ നിന്നുള്ള വരുമാനവും 2017 ജൂൺ മുതൽ 2018 ജൂൺ വരെയുള്ള അംഗീകാരങ്ങളും അടിസ്ഥാനമാക്കി 8.5 മില്യൺ ഡോളർ വരുമാനത്തോടെ, ഫോർബ്സിന്‍റെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന വനിതാ അത്‌ലറ്റുകളുടെ 2018 പട്ടികയിൽ ഏഴാം സ്ഥാനത്താണ് സിന്ധു. 2013ൽ അർജുന അവാർഡ് നല്‍കി രാജ്യം സിന്ധുവിനെ ആദരിച്ചു. പിന്നീട് പത്മശ്രീയും ഒടുവില്‍ 2016ൽ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡും സിന്ധുവിനെ തേടിയെത്തി.