ന്യൂഡല്‍ഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര ഡല്‍ഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന് നേരത്തെ കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്ക ഒഴിഞ്ഞത്. സോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകി വന്നിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ച സാഹചര്യത്തിലാണ് സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ബി.ജെ.പി വക്താവും എം.പിയുമായ അനിൽ ബലൂണിക്ക് ഇതേ ബംഗ്ലാവ് ഇപ്പോള്‍ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
ഞായറാഴ്ച പ്രിയങ്ക ഗാന്ധി ചായ സല്‍ക്കാരത്തിനായി ബലൂണിയെ ക്ഷണിച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മാന്യമായി നിരസിച്ചു. എന്നിരുന്നാലും, ബംഗ്ലാവിലേക്ക് മാറിയശേഷം പ്രിയങ്കക്ക് പരമ്പരാഗത ഉത്തരാഖണ്ഡ് ഭക്ഷണം ബലൂണി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി ബലൂണിയുമായി ഫോണിൽ സംസാരിച്ചു.'അനിൽ ബലൂണിയോടും ഭാര്യയോടും സംസാരിച്ചു. അവരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു' പ്രിയങ്ക ഫോണ്‍ സംഭാഷണത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു.
1997 മുതൽ ഈ ബംഗ്ലാവിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ബന്ധുവിന്റെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.