അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ റോഡ് ഷോ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയവും ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുക.
അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെ പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിക്കുക. അമേരിക്കയില്‍ നടന്ന ഹൗഡി മോദി പരിപാടിക്ക് സമാനമായി പരിപാടികളാണ് ഇന്ത്യയിലും സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടനം. ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരു ലക്ഷത്തിലധികം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്ക് കൂട്ടല്‍. 1.10 ലക്ഷം പേര്‍ക്ക് ഇരുന്ന് മത്സരം കാണാനുള്ള സൗകര്യമാണ് സ്‌റ്റേഡിയത്തിലുള്ളത്.
ഫെബ്രുവരി 24 -25 തീയതികളില്‍ ഇന്ത്യ സന്ദർശിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താന്‍ കൂടികാഴ്‌ച വഴിയൊരുക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ഹ്യൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിൽ ട്രംപുമായി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു