ന്യൂഡൽഹി: കൊവിഡ് -19ന്‍റെ സാമ്പത്തിക ആഘാതം മറികടക്കാൻ അതത് മന്ത്രാലയങ്ങൾക്കായി പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി മേക്ക് ഇൻ ഇന്ത്യ ഉയർത്തുന്നതിനും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള അവസരമാണെന്നും മോദി കൂട്ടിചേർത്തു.
21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചുകഴിഞ്ഞാൽ ഓരോ മന്ത്രാലയവും 10 മുൻഗണനാ മേഖലകളും തിരിച്ചറിഞ്ഞ് പ്രവർത്തനം തുടങ്ങണമെന്നും മന്ത്രാലയങ്ങൾ സാമ്പത്തിക പ്രത്യാഘാതത്തിനെതിരെ പോരാടാൻ തയ്യാറാകുകയും വേണമെന്ന് മോദി പറഞ്ഞു. മന്ത്രിമാർ സംസ്ഥാന-ജില്ലാ അധികാരികളുമായി ചർച്ച ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും കൊവിഡിനെ പ്രതിരോധിക്കാൻ ജില്ലാതല മൈക്രോ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭാ യോഗം വീഡിയോ കോൺഫറൻസിലൂടെ നടക്കുന്നത്.