ഭോപാല്‍: ഭോപാലില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായ പ്രഗ്യ സിങ് താക്കൂരിന് രാജ്യത്തെ മികച്ച സുരക്ഷാവലയമൊരുക്കി ഉദ്യോഗസ്ഥര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കരിങ്കൊടിയുമായി ഒരാള്‍ പ്രഗ്യക്ക് നേരെ വന്നതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. പ്രഗ്യ സിങ് താക്കൂരിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിനെതിരെയാണ് പ്രഗ്യ സിങ് താക്കൂര്‍ മത്സരിക്കുന്നത്.
2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് പ്രഗ്യ. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചരണം നടത്തിയതിനാണ് പ്രഗ്യക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്‍റെ ശാപമാണെന്ന പ്രഗ്യാസിങ് താക്കൂറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. പ്രഗ്യ സിങ് പ്രതിയായ മാലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് പ്രതിയായത്.
''ബാബരി തകര്‍ത്തതില്‍ എന്തിനാണ് നാം ഖേദിക്കുന്നത്? ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. രാം മന്ദിറിന്റെ ചില അവശിഷ്ടങ്ങളുണ്ടായിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തി. ഇനി നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കും.'' പ്രഗ്യാ സിങ് ഒരു സ്വകാര്യ ടിവി ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇതും വിവാദമായിരുന്നു.
വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.