ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണവും വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസങ്ങൾ വന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വോട്ടിങ് യന്ത്രങ്ങളുടെ നിര്‍മാണ തകരാര്‍ സംബന്ധിച്ചോ പ്രവര്‍ത്തനം സംബന്ധിച്ചോ ഉള്ള ഒരു പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവസേനാ എം പി സഞ്ജയ് റാവത്തിന്‍റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വി വി പാറ്റ് സ്ലീപ്പുകളും എണ്ണിയപ്പോൾ എവിടെയും വ്യത്യാസം ഉണ്ടായിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിര്‍മാണ തകരാറുകള്‍ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം, എതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരിട്ട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി വി പാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല. വോട്ടെടുപ്പ് നടക്കുന്നതിനിടെ ചില പരാതികള്‍ ഉയര്‍ന്നുവെങ്കിലും സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ പരിശോധന നടത്തി പരിഹാരം കണ്ടെത്തിയെന്നും രവിശങ്കര്‍ പ്രസാദ് രാജ്യസഭയെ അറിയിച്ചു.