ന്യൂഡല്‍ഹി: ജെഎൻയു വൈസ് ചാൻസിലറുടെ പക്ഷത്താണ് ഡല്‍ഹി പൊലീസെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുഎസ്‌യു). ജെഎൻയുവിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരായ ഒമ്പത് വിദ്യാർഥികളുടെ പേരുകൾ ഡൽഹി പൊലീസ് വെള്ളിയാഴ്‌ച പുറത്തുവിട്ടിരുന്നു. അതിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റും ഇടത് നേതാവുമായ ഐഷി ഘോഷിയുടെ പേരുമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി യൂണിയൻ രംഗത്തെത്തിയത്.
ഡല്‍ഹി ഡിസിപി പുറത്തുവിട്ട പ്രതികളുടെ പട്ടികയില്‍ ഇടത് സംഘടനകളിലെ ആളുകളാണുള്ളത്. എബിവിപി പ്രവര്‍ത്തകരെ ഒഴിവാക്കിയതിലൂടെ രാഷ്‌ട്രീയ പ്രേരിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമാണന്നും ജെഎൻയുഎസ്‌യു ആരോപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎൻയുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 35ഓളം വിദ്യാര്‍ഥികൾക്ക് പരിക്കേറ്റിരുന്നു.
എസ്‌എഫ്ഐ, എഐഎസ്‌എഫ്, എഐഎസ്‌എ, ഡിഎസ്‌എഫ് തുടങ്ങിയ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് യൂണിവേഴ്‌സിറ്റിയില്‍ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതെന്നും വിന്‍റർ സെമസ്റ്ററിനായി ആരംഭിച്ച ഓൺലൈൻ പ്രവേശന പ്രക്രിയയില്‍ അവര്‍ തടസമുണ്ടാക്കിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈംബ്രാഞ്ച്) ജോയ് ട്രിക്കി പറഞ്ഞു. ഐഷി ഘോഷിന് പുറമേ, ഡോലൻ സാമന്ത, പ്രിയ രഞ്ജൻ, സുചേത താലൂദ്‌കർ, ഭാസ്‌കർ വിജയ് മെക്ക്, ചുഞ്ചുൻ കുമാർ (പൂർവ്വ വിദ്യാർതികൾ), പങ്കജ് മിശ്ര എന്നിവരെയും പൊലീസ് അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എബിവിപി ബന്ധമുള്ള യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുളളത്.