ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ ആക്രമണത്തിന് പിന്നില്‍ ഇടത് അനുകൂല സംഘടനയിലെ വിദ്യാര്‍ഥികളാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ഡല്‍ഹി പൊലീസിന്‍റെ അന്വേഷണം ഇത് ശരിവക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഐ, സിപിഎം, എഎപി ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളെ ഉപയോഗിക്കുകയാണെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി വിഷയത്തില്‍ ബിജെപിയെയും എബിവിപിയെയും കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇന്നത്തെ ഡല്‍ഹി പൊലീസിന്‍റെ പത്രസമ്മേളനം തെളിയിച്ചു. ഇടത് സംഘടനകളാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്നും സിസിടിവി പ്രവര്‍ത്തനരഹിതമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാലയില്‍ മുടങ്ങിയ ക്ലാസുകള്‍ വീണ്ടും ആരംഭിക്കണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. ജെഎന്‍യു ആക്രമണത്തില്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ ഡല്‍ഹി പൊലീസ് ഇന്ന് പുറത്ത് വിട്ടിരുന്നു.