ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വ ദേശീയ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ ഇടതുപാർട്ടികൾ ജനുവരി 1 മുതൽ 7 വരെ രാജ്യവ്യാപകമായി പ്രതിഷേധവും ജനുവരി 8ന് പൊതുപണിമുടക്കും സംഘടിപ്പിക്കും. സിപിഐ(എം), സിപിഐ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.എസ്.പി) എന്നിവർ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ട്രേഡ് യൂണിയനുകളുമായുള്ള ഐക്യദാർഢ്യത്തിലാണ് ജനുവരി എട്ടിന് പൊതു പണിമുടക്ക് സംഘടിപ്പിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാർ എൻആർസിയും സിഎഎയും നിരസിച്ചു. അത് സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. ഇതെന്തിനാണെന്ന് മോദി സർക്കാർ ചിന്തിക്കണം. എൻഡിഎയിൽ തന്നെ നിരവധി പാർട്ടികൾ നിയമത്തിനെതിരാണെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്ന വിദ്യർഥികൾക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധത്തിനിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ജനാധിപത്യ പ്രതിഷേധത്തെ നേരിടാനുള്ള ശരിയായ മാർഗമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.