ലഖ്‌നൗ: ത്സാൻസി ബലാൽസംഗ കേസിൽ സർക്കാർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ എട്ട് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത സഹപാഠിയെ ബ്ലാക്ക് മെയിൽ ചെയ്‌ത് ബലാത്സംഗം ചെയ്‌ത കേസിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എൻ.എസ്.എക്ക് കീഴിൽ പ്രതികളെ 12 മാസം വരെ ചാർജ് ഈടാക്കാതെ പ്രിവന്റീവ് തടങ്കലിൽ പാർപ്പിച്ചേക്കും. കേസ് അതിവേഗ കോടതി പരിഗണിച്ചേക്കും.
പ്രതികളെ തിങ്കളാഴ്‌ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ പ്രതികളെല്ലാം സർക്കാർ പോളിടെക്‌നിക് കോളജിലെ വിദ്യാർത്ഥികളാണെന്ന് കണ്ടെത്തി. പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്‌ത് മൂവായിരം രൂപ ഇവർ കൈക്കലാക്കിയതായും അടച്ചിട്ട ഹോസ്റ്റലിൽ വിദ്യാർത്ഥികൾ എങ്ങനെയാണ് എത്തിയതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികളെ കോളജിൽ നിന്ന് പുറത്താക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് എ വാംസി പറഞ്ഞു.