ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 19 ദിവസത്തേക്ക് കൂടി രാജ്യത്ത് സമ്പൂർണ അടച്ചിടല്‍. അടുത്ത ഒരാഴ്‌ചത്തേക്ക് രാജ്യത്ത് കർശന നിയന്ത്രണം തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിശദമായ മാർഗ രേഖ നാളെ പുറത്തിറക്കും. കാർഷിക മേഖലയ്ക്ക് ഇളവ് നല്‍കും. ഹോട്ട്സ്‌പോട്ടുകളില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരും. ഏപ്രില്‍ 20ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യ സേവനങ്ങൾക്ക് ഇളവ് നല്‍കുമെന്നും സ്ഥിതി മോശമായാല്‍ വീണ്ടും നിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിന് എതിരായ യുദ്ധം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. ലോക്‌ഡൗൺ കാലത്ത് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. ജനങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. മറ്റ് രാജ്യങ്ങളെക്കാൾ മികച്ച രീതിയിലാണ് ഇന്ത്യ കൊവിഡിനെ നേരിടുന്നത്. കൊവിഡിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെ ചെറുക്കുന്നതില്‍ ഇന്ത്യ കാണിച്ച അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ:
- 1. മുതിർന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
- 2. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക
- 3. രോഗപ്രതിരോധശേഷി വർധിപ്പിക്കുക
- 4. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക
- 5. ദരിദ്ര കുടുംബങ്ങളെ സഹായിക്കുക
- 6. ജീവനക്കാരെ പിരിച്ചുവിടരുത്
- 7. കൊവിഡിനോട് പൊരുതുന്നവരെ ബഹുമാനിക്കുക.