ന്യൂഡല്‍ഹി: രാജ്യം ശക്തമായി കൊവിഡിനെതിരെ പോരാടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്ന് മൻ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ആരോഗ്യ സംരക്ഷണത്തിന് ആയുർവേദവും യോഗയും ശീലിക്കണം. ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പലമടങ്ങാണ് ഇന്ത്യയില്‍. ലോകത്തെ മറ്റിടങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയില്‍ കൊവിഡ് വ്യാപനമില്ല. രാജ്യം സ്വയം പര്യാപ്തമായി മുന്നോട്ട് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിനകത്ത് ആഗോള ബ്രാൻഡ് വികസിപ്പിക്കും. വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്നും വ്യവസായ മേഖല തിരിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കുടിയേറ്റ തൊഴിലാളികൾക്കൊപ്പമാണ്. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന റെയില്‍വേ ജീവനക്കാരെ നമിക്കുന്നു. ആയുഷ്‌മാൻ ഭാരതില്‍ ഒരുകോടി കുടുംബങ്ങൾ പങ്കാളികളായി. പാവപ്പെട്ടവരാണ് കൊവിഡിന്‍റെ ദുരിതം കൂടുതല്‍ നേരിട്ടത്. ഒരു കോടി ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. ഇതില്‍ 80 ശതമാനവും ഗ്രാമവാസികളാണ്. പശ്ചിമബംഗാളും ഒഡിഷയും നേരിട്ടത് വൻ ദുരന്തമാണ്. രാജ്യം ഈ രണ്ട് സംസ്ഥാനങ്ങൾക്കൊപ്പം നില്‍ക്കുന്നു. വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. കാർഷിക മേഖലയെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം ഇതുവരെ ഇങ്ങനെയാരു പ്രതിസന്ധി നേരിട്ടിട്ടില്ല. സന്നദ്ധ സംഘടകൾ പ്രതിരോധത്തിന്‍റെ മുഖ്യപങ്കാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ലാബുകളിലെ വാക്‌സിൻ പരീക്ഷണം ലോകം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.