ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായുള്ള രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര (ആർഎസ്‌കെ) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തു. സ്വച്ഛ് ഭാരത് മിഷന്‍റെ ഇന്‍ററാക്‌ടീവ് കേന്ദ്രമാണ് രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര. മഹാത്മാഗാന്ധിയുടെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം നടന്നത്. മഹാത്മാഗാന്ധിയുടെ സമാധിയായ രാജ് ഘട്ടിലാണ് രാഷ്ട്രീയ സ്വച്ഛത കേന്ദ്ര സ്ഥിതി ചെയ്യുന്നത്. സ്വച്ഛ് ഭാരത് മിഷനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയും പ്രധാനമന്ത്രി കണ്ടു.
ആർഎസ്‌കെയിലെ ഉപകരണങ്ങൾ ഭാവി തലമുറയെ സ്വച്ഛ് ഭാരത് മിഷന്‍റെ വിജയകരമായ യാത്രയിലേക്ക് ചേർക്കും. ആർഎസ്‌കെയിലെ ഡിജിറ്റൽ, ഔട്ട്ഡോർ യന്ത്രോപകരണങ്ങൾ സ്വച്ഛതയെക്കുറിച്ചുള്ള വിവരങ്ങളും, അവബോധവും, വിദ്യാഭ്യാസവും നൽകും. സംയോജിത പഠനം, വിജയഗാഥകൾ, തീമാറ്റിക് സന്ദേശങ്ങൾ എന്നിവയുടെ പ്രദർശനവും കേന്ദ്രത്തിൽ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.