ന്യൂഡൽഹി: ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സന്ദർശിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് ഇരു നേതാക്കളുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് മോദി അറിയിച്ചു.
ബിജെപി ഇപ്പോൾ ആഘോഷിക്കുന്ന വിജയം അദ്വാനിയെ പോലുള്ളവർ വർഷങ്ങളായി പാർട്ടിക്കു വേണ്ടി പ്രയത്നിച്ചതിന്‍റെ ഫലമാണെന്ന് എൽ കെ അദ്വാനിയെ സന്ദർശിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തെ വിദ്യാഭ്യാസ മെഖലയെ വളർത്തിയെടുക്കുന്നതിൽ മുരളി മനോഹർ ജോഷിയുടെ സംഭാവന വളരെ വലുതാണ്. ബിജെപിയെ ശക്തിപ്പെടുത്തുവാനും ഞാനുൾപ്പടെയുള്ള കാര്യകർത്താക്കൾക്ക് വഴികാട്ടിയാകുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്ന് മോദി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിൽ ഇരു നേതാക്കളും മോദിക്ക് ആശംസകളറിയിച്ചിരുന്നു. പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അധ്യക്ഷ സ്ഥാനം വിജയകരമായി നിർവഹിച്ച അമിത് ഷായെയും അദ്വാനി പ്രശംസിച്ചു.
മുരളി മനോഹർ ജോഷിക്കും എൽ.കെ അദ്വാനിക്കും ബിജെപി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു. പ്രായാധിക്യം എന്ന കാരണം പറഞ്ഞാണ് ഇരുവരെയും ഒഴിവാക്കിയത്. എൽ.കെ അദ്വാനിയുടെ സിറ്റിങ് സീറ്റിൽ നിന്ന് അമിത് ഷായാണ് മൽസരിച്ചത്. 5.57 ലക്ഷം വോട്ടുകൾക്കാണ് ഷാ ഗാന്ധിനഗറിൽ നിന്ന് ജയിച്ച് കയറിയത്.