ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ട് വിവരാവകാശ നിയമത്തിൽ കീഴിൽ 'പബ്ലിക് അതോറിറ്റി'യായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി കോടതിയിൽ എതിർപ്പ് രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിലൂടെ ജസ്റ്റിസ് നവീൻ ചൗളയാണ് ഹർജിയിൽ വാദം കേട്ടത്. അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഹർജിക്കെതിരെയുള്ള പ്രതികരണം സമർപ്പിക്കുമെന്ന് കോടതിയിൽ വ്യക്തമാക്കി.
കേസിൽ കൂടുതൽ വാദം കേൾക്കാനായി കോടതി ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 28ലേക്ക് മാറ്റി. പിഎം കെയർ ഫണ്ട് വിവരാവകാശ നിയമപ്രകാരത്തിൽ പെടുന്നതല്ലെന്ന ജൂൺ 2ലെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് സമ്യക് ഗാംഗ്‌വാൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കൊവിഡ് ധനസഹായത്തിനായാണ് പ്രധാനമന്ത്രിയുടെ പേരിൽ പിഎം കെയർ ഫണ്ട് ആരംഭിച്ചത്.