ന്യൂഡൽഹി: റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഗൂഗിൾ പേയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡാറ്റാ ലോക്കലൈസേഷൻ, സംഭരണം, പങ്കുവയ്ക്കൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് ഗൂഗിൾ പേയ്ക്കെതിരായ ആരോപണം. ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനും ആർബിഐക്കും നോട്ടീസ് നൽകി.
ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിനോട് യുപിഐയ്ക്ക് കീഴിൽ സ്വകാര്യ ഡാറ്റ സംഭരിക്കരുതെന്നും മൂന്നാം കക്ഷികളുമായി ഇത് പങ്കിടരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണം തേടി. ഹർജിയിൽ സെപ്റ്റംബർ 24 ന് വാദം കേൾക്കും.
നിയമങ്ങളുടെ ഗുരുതരമായ ലംഘനം കണക്കിലെടുത്ത് ഗൂഗിൾ പേയ്‌ക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും ഹർജിക്കാരനായ അഭിഷേക് ശർമ റിസർവ് ബാങ്കിനോട് അഭ്യർഥിച്ചു. എൻപിസിഐയ്‌ക്കെതിരെ ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കാനും യുപിഐ പേയ്‌മെന്‍റ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അംഗീകാരം റദ്ദാക്കാനും ആർബിഐയോട് അപേക്ഷ തേടി. റെഗുലേറ്ററി മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിലൂടെയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നതിലൂടെയും യുപിഐ നടപടിക്രമ മാർഗനിർദേശങ്ങൾ ഗൂഗിൾ പേ ലംഘിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.