ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കുവാൻ ജുഡീഷ്യൽ കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യം ഉടനടി പരിഗണിക്കണമെന്ന് ഹർജി. കഴിഞ്ഞ വർഷം ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് അക്രമത്തിൽ നൽകിയ ഹർജിയുടെ വാദം നേരത്തെ കേൾക്കണമെന്ന് ഇന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെടുന്നു. വാദം കേൾക്കുന്നതിനെ കുറിച്ചുള്ള അപേക്ഷ ഈ വെള്ളിയാഴ്‌ച കോടതി പരിഗണിക്കും. രാജ്യം ലോക്ക് ഡൗണിൽ കർശന നിയന്ത്രണത്തിലായിരിക്കുന്ന സാഹചര്യത്തിലും സർവകലാശാലയിലുള്ള വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അന്വേഷണത്തിനെന്ന പേരിൽ മണിക്കൂറുകളോളം സ്റ്റേഷനിൽ തന്നെ പിടിച്ചുനിർത്തുകയും ചെയ്യുന്നു. അതിനാൽ, തന്നെ ജാമിയ മിലിയ വിദ്യാർഥികൾക്കും സർവകലാശാലയിലെ നിവാസികൾക്കുമെതിര പൊലീസും ഭരണകൂടവും അഴിച്ചുവിട്ട അക്രമത്തിൽ ഉടനെ നടപടിയുണ്ടാകണമെന്നും അപേക്ഷയിൽ പറയുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അപേക്ഷകർ നേരത്തെ സമർപ്പിച്ച ഹർജി ജൂലൈയിൽ പരിഗണിക്കുമെന്നാണ് തീരുമാനിച്ചത്. ജാമിയ മിലിയ അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി അഭിഭാഷക കൂടിയായ അപേക്ഷക നബില ഹസൻ സമർപ്പിച്ച ഹർജിയിലാണ് പുതിയ അപേക്ഷയും ഇന്ന് സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകരായ സ്നേഹ മുഖർജി, സിദ്ധാർത്ഥ് സീം എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ രാജ്യം മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സുരക്ഷാ മാനദണ്ഡങ്ങൾ മാനിക്കാതെ വിദ്യാർഥികളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഡൽഹി പൊലീസ് ഉപദ്രവം തുടരുകയാണെന്ന് പറയുന്നു. അതിനാൽ, വിഷയത്തിൽ കോടതി ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.