ന്യൂഡൽഹി: 2016ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ ആക്രമിക്കാനുള്ള നിർദ്ദേശം അന്നത്തെ സർക്കാർ നിരസിച്ചിരുന്നെന്നും മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബി.എസ് ധനോവ പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് അറിവുണ്ടായിരുന്നെന്നും എന്നാൽ തിരിച്ചടി നൽകണമോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാതുങ്കയിലെ വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (വിജെടിഐ) വാര്‍ഷിക ആഘോഷ പരിപാടിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരിനെ സമാധാനത്തിന്‍റെ വഴിയിലെത്തിക്കാത്തത് പാകിസ്ഥാന്‍റെ തന്ത്രമാണ്. എന്നും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതിനെതിരെ തിരിച്ചടികൾ നൽകാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കഴിവുണ്ട്. എന്നാൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം സമീപ പ്രദേശങ്ങളിൽ രണ്ട് ആണവായുധ രാജ്യങ്ങളുണ്ടെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമാക്രമണം പാകിസ്ഥാനിൽ വലിയ ആഘാതങ്ങളാണ് സൃഷ്ടിച്ചത്. പാകിസ്ഥാന്‍റെ പ്രതിരോധ മേഖലയിൽ സംയുക്ത ആസൂത്രണത്തിന്‍റെയും സേനയുടെ ആത്മ വീര്യത്തിന്‍റേയും കുറവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ചൈന ടിബറ്റ് സ്വയംഭരണ മേഖലയിൽ വ്യോമ വിന്യാസം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും വ്യോമ മേഖലയിൽ അവർ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ബി.എസ് ധനോവ പറഞ്ഞു.