ജയ്‌പൂർ : ഒരു മാസം നീണ്ടു നിന്ന രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് കൈകൊടുത്ത് വിരാമമിട്ടു. ഗെലോട്ടിന്‍റെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും കൈകൊടുത്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, അവിനാശ് പാണ്ഡെ, രൺദീപ് സുർജേവാല, അജയ് മാക്കെൻ, ഗോവിന്ദ് സിംഗ് ദോത്രാസ തുടങ്ങിയവരും യോഗത്തിനെത്തി.
വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗം ഗെലോട്ടിന്‍റെ വസതിയിൽ പുരോഗമിക്കുകയാണ്. യോഗത്തിൽ നൂറിലധികം കോൺഗ്രസ് എംഎൽഎമാർ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം തേടുമെന്ന് ബിജെപി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും തമ്മിൽ ഉടലെടുത്ത അസ്വാരസങ്ങളാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം സച്ചിൻ പൈലറ്റുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.