ചണ്ഡിഗഡ്: കുഷ്‌ഠരോഗത്തിനെതിരെ പ്രയോഗിക്കുന്ന വാക്‌സിൻ കൊവിഡിനെതിരെ ഫലപ്രദമെന്ന കണ്ടെത്തലുമായി ഇന്ത്യൻ ശാസ്‌ത്രജ്ഞർ. മൈകോബാക്‌ടീരിയം ഡബ്ല്യു അഥവാ എംഡബ്ല്യു എന്ന വാക്‌സിൻ കൊവിഡ് ബാധിതരിൽ പരീക്ഷിച്ചപ്പോൾ ഫലം കണ്ടതായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(പിജിഐഎംആർ)ലെ ശാസ്‌ത്രജ്ഞർ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന നാല് രോഗികളിൽ മരുന്നുകൾ പരീക്ഷിച്ചതായും 0.3 മില്ലിലിറ്റർ അളവിൽ എംഡബ്ല്യു നൽകിയപ്പോൾ അവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയെന്നുമാണ് റിപ്പോർട്ടുകൾ. കുഷ്‌ഠം, ക്ഷയം, ന്യുമോണിയ രോഗികളിൽ മുമ്പ് ഈ മരുന്ന് പരീക്ഷിച്ചപ്പോൾ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. ഡൽഹി എയിംസും ഭോപ്പാൽ എയിംസും ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പരീക്ഷണം നടത്തും.
ഓക്‌സിജൻ നൽകി സുരക്ഷിതത്വത്തോടെയാണ് രോഗികളിൽ വാക്‌സിൻ പരീക്ഷിക്കുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വൈറസിനെതിരെ പൊരുതുന്നതിനുമാണ് ഈ വാക്‌സിൻ പ്രയോജനപ്പെടുന്നതെന്നും രോഗികൾക്ക് എത്ര അളവിലാണ് ഇതിനായി ഓക്‌സിജൻ ആവശ്യമുള്ളതെന്ന് കണ്ടെത്താനാണ് ഇനിയുള്ള ശ്രമങ്ങളെന്നും പ്രൊഫസർ പി.ജി. റിതേഷ് അഗർവാൾ പറഞ്ഞു. നിരവധി രോഗികളിൽ സുരക്ഷ ഉറപ്പാക്കികൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കുന്നതിന് ഈ മരുന്ന് എത്രത്തോളം ഫലപ്രദമാകുമെന്നും ഒരു രോഗിക്ക് സുഖം പ്രാപിക്കാൻ എത്ര ദിവസമെടുക്കുന്നു എന്നുമാണ് വ്യക്തത വരുത്തേണ്ട കാര്യങ്ങൾ. കൂടാതെ, എത്ര അളവിൽ മരുന്ന് ആവശ്യമായി വരും എന്നതും കണ്ടെത്തേണ്ടതുണ്ട്.