വാഷിംങ്ടണ്‍: ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാന്‍ തെറ്റായ വിവരങ്ങള്‍ അവതരിപ്പിക്കുകയാണെന്ന് സഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യീദ് അക്‌ബറുദീന്‍. കശ്‌മീര്‍ വിഷയത്തില്‍ ഐക്യരാഷ്‌ട്ര സഭ ഇടപെടണമെന്ന ചൈനയുടെയും, പാകിസ്ഥാന്‍റെയും ആവശ്യം സുരക്ഷാ കൗണ്‍സില്‍ തള്ളിയതിന് പിന്നാലെയാണ് സയ്യീദ് അക്‌ബറുദീന്‍റെ പ്രതികരണം. യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ, അനാവശ്യവും, അസത്യവുമായ കാര്യങ്ങളാണ് പാകിസ്ഥാന്‍ സഭയില്‍ ഉന്നയിക്കുന്നത് - സയ്യീദ് അക്‌ബറുദീന്‍ വ്യക്‌തമാക്കി.
കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി എഴുതിയ കത്ത് ഉയര്‍ത്തിക്കാട്ടിയാണ് ചൈന സുരക്ഷാ കൗണ്‍സിലില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍ ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്‌ത് പരിഹാരം കണ്ടെത്തേണ്ട വിഷയമാണെന്നും, ഐക്യരാഷ്‌ട്ര സഭ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സുരക്ഷാ കൗണ്‍സില്‍ അന്തിമമായി തീരുമാനിച്ചത്. പാകിസ്ഥാന്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നത് ഐക്യരാഷ്‌ട്ര സഭ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും സയ്യീദ് അക്‌ബറുദീന്‍ അഭിപ്രായപ്പെട്ടു. ഇത് മൂന്നാം തവണയാണ് ചൈന കശ്‌മീര്‍ വിഷയം ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിക്കുന്നത്.
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് അഞ്ച് മാസത്തിന് ശേഷമാണ് വിഷയം സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി തിരിച്ചതിനെതിരെ ചൈനയും രംഗത്തെത്തിയിരുന്നു.