ന്യൂഡൽഹി: വന്ദേ ഭാരത് മിഷനിലൂടെ 6.87 ലക്ഷത്തിലധികം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടം ജൂലൈ 15 മുതൽ 31 വരെയാണ്. നാലാം ഘട്ടത്തിൽ 120 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, യുകെ, യൂറോപ്പ്, കിർഗിസ്ഥാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുമെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ 34 വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. നാലാം ഘട്ടത്തിൽ ആകെ 926 വിമാനങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ് എന്നിവയുടെ 180 ഓളം വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ജൂലൈ 15 വരെ 6,87,467 ഇന്ത്യൻ പൗരന്മാർ തിരികെയെത്തി. 1,01,014 പൗരന്മാർ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗം എത്തി. മാലദ്വീപ്, ശ്രീലങ്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളിലൂടെ തിരികെയെത്തിയവരുടെ എണ്ണം 3,789 ആണ്. അന്താരാഷ്ട്ര വിമാന യാത്ര സാധാരണ നിലയിലാക്കുന്നതുവരെ ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്രം മികച്ചരീതിയിൽ കൈകാര്യം ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.