ബെംഗളൂരു: കർണാടകയിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് കേസുകൾ വർധിച്ചതോടെ സംസ്ഥാനത്തെ ഇരുപതോളെ പൊലീസ് സ്റ്റേഷനുകൾ മുദ്രവച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് പൊലീസ് സ്റ്റേഷനുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു.
അതേസമയം, പൊലീസ് സ്റ്റേഷന് പുറത്ത് ആരംഭിച്ച ഹെൽപ്പ് ഡെസ്കുകളിൽ ആളുകൾക്ക് പരാതികൾ നൽകാമെന്നും അധികൃതർ അറിയിച്ചു. കൊമേഴ്‌സ്യൽ സ്ട്രീറ്റ്, കോട്ടൺപെറ്റ്, ചിക്കപെറ്റ്, കെജി ഹാലി ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നീ പൊലീസ് സ്റ്റേഷനുകളും അടച്ചു. ട്രാഫിക് പൊലീസ്, സിവിൽ പൊലീസ്, ഹോം ഗാർഡുകൾ എന്നിവർക്ക് കയ്യുറകൾ, ഫെയ്സ് മാസ്കുകൾ, സാനിറ്റൈസർ എന്നിവയോടൊപ്പം ഫെയ്‌സ് കവറുകളും പൊലീസ് വകുപ്പ് നൽകിയിട്ടുണ്ടെന്ന് റാവു പറഞ്ഞു.