ന്യൂഡൽഹി: കൊവിഡ് പ്രതിരോധ രംഗത്തുള്ള ജീവനക്കാരുടെ അലവൻസ് തുക വർധിപ്പിക്കണമെന്ന് ബിജെപിയും കോൺഗ്രസും ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അയച്ച കത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചിത്വ തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർ നേരിടുന്ന പ്രശ്‌നങ്ങൾ ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് അനിൽ കുമാർ ഉയർത്തിക്കാട്ടി.
ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ രാംവീർ സിങ് ബിധൂരിയും മുഖ്യമന്ത്രിക്ക് വിഷയത്തിൽ കത്തയച്ചു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഡ്യൂട്ടിയിലുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും ഒരു കോടി രൂപ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പകർച്ചവ്യാധിയുടെ സമയത്ത് ഡ്യൂട്ടിയിൽ മരണമടഞ്ഞാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ഒരു കോടി രൂപ ആനുകൂല്യം നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ബിദുരി, മറ്റ് എല്ലാ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അറിയിച്ചു.
വൈറസിനെതിരായ പോരാട്ടത്തിൽ മറ്റ് വകുപ്പുകളിലെ ജീവനക്കാരും അവരുടെ സുരക്ഷ കണക്കിലെടുക്കാതെ ചുമതലകൾ നിറവേറ്റുന്നുണ്ട്. ഡൽഹി ജൽ ബോർഡ് ജീവനക്കാർ, വൈദ്യുതി, ഗതാഗതം, ഭക്ഷ്യവിതരണം, പൊലീസ്, ട്രാഫിക് പൊലീസ്, ഹോം ഗാർഡുകൾ, ശുചിത്വ പ്രവർത്തകർ എന്നിവരും ഡൽഹിയിലെ ജനങ്ങളെ സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.