ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് അങ്കണത്തില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് സമാന നിലപാടുള്ള എല്ലാ പാര്‍ട്ടികളേയും കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷയുമായ മായാവതിയും യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സമാജ്‌വാദി പാര്‍ട്ടി പ്രതിനിധികളും പാര്‍ട്ടിയുടെ പുതിയ ഘടകകക്ഷിയായ ശിവസേനയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത പ്രതിഷേധ പരിപാടികള്‍ക്കുള്ള അജണ്ട ചര്‍ച്ച ചെയ്യും. രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ് കാണിക്കുന്ന ക്രൂരതക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കും.
ശനിയാഴ്‌ച ഡല്‍ഹിയില്‍ കൂടിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ശബ്ദം അടിച്ചമര്‍ത്തുന്നതിന് മോദി സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.