ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ചൊവ്വാഴ്‌ച മുതല്‍ ബെംഗളൂരു നഗരത്തില്‍ ഒരാഴ്‌ചക്കാലത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ഈശ്വര്‍ ഖാന്ദ്ര എന്നിവരാണ് ആവശ്യവുമായെത്തിയത്. ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൗണിനെ എച്ച്.ഡി ദേവഗൗഡ സ്വാഗതം ചെയ്യുകയും ചെയ്‌തു. പുറത്തു പോകുമ്പോള്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് നിലവില്‍ പ്രധാനമെന്നും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും എല്ലാവരും സര്‍ക്കാരിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 14ന് രാത്രി എട്ട് മണി മുതല്‍ ജൂലായ് 22 ന് വൈകുന്നേരം 5 മണി വരെയാണ് നിലവില്‍ ബെംഗളൂരുവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരില്‍ മാത്രമല്ല കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് വ്യാപകമാവുകയാണെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ കോണ്‍ഗ്രസ് നേതാവ് ഈശ്വര്‍ ഖാന്ദ്ര ഓര്‍മ്മിപ്പിച്ചു. ബിദാര്‍, കലബുര്‍ഗി, യദ്‌ഗിര്‍, റായ്‌ചൂര്‍, കോപ്പാല്‍, ബല്ലാരി ജില്ലയില്‍ സാഹചര്യം രൂക്ഷമായിരിക്കുകയാണെന്നും ആയതിനാല്‍ സംസ്ഥാനത്ത് 15 ദിവസത്തേക്ക് ഒരിക്കല്‍ കൂടി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡിനെ നിയന്ത്രണത്തിലാക്കണമെന്നും ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കാലത്തെ പോരായ്‌മകള്‍ പരിഹരിച്ച് മഹാമാരിയെ നേരിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇതിനിടെ കൊവിഡ് സാഹചര്യം വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഡപ്യൂട്ടി കമ്മീഷണര്‍മാര്‍, ജില്ലാ പഞ്ചായത്ത് സിഇഒമാര്‍, പൊലീസ് സുപ്രണ്ടുമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുന്നതാണ്. കര്‍ണാടകയില്‍ ഇതുവരെ 38,843 കേസുകളാണ് സ്ഥിരീകരിച്ചത്. 684 പേര്‍ മരിക്കുകയും 15,409 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ബെംഗളൂരുവില്‍ ഇതുവരെ 18,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായാറാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത 2627 കേസുകളില്‍ 1525 കേസുകള്‍ ബെംഗളൂരുവില്‍ നിന്നാണ്.