ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷനിലെ ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു. മഹാബുബാദ് ടൗണിലെ നരേഷാണ് ആത്മഹത്യ ചെയ്തത്. അനിശ്ചിതകാല സമരം 40ാം ദിവസത്തിലെത്തി നില്‍ക്കുന്നതിനിടെയാണ് വീണ്ടും ഒരു ജീവൻ കൂടി പൊലിയുന്നത്.
രണ്ട് മാസമായി ശമ്പളം ലഭിക്കാത്തും ജോലി നഷ്ടപ്പെടുമെന്ന ഭയവുമാണ് ഡ്രൈവർ നരേഷ് ജീവനൊടുക്കാൻ കാരണമായത്. കീടനാശിനി കുടിച്ച നരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണ വാർത്ത അറിഞ്ഞ ഉടൻ തന്നെ ടിഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലെത്തുക്കയും മൃതദേഹവുമായി ബസ് ഡിപ്പോയില്‍ പ്രതിഷേധം നടത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഡിപ്പോയിൽ പ്രവേശിക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. ഒരു മാസമായി തുടരുന്ന സമരത്തിനിടെ അഞ്ചാമത്തെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 50,000 തൊഴിലാളികളാണ് സമരം നടത്തുന്നത്.
കഴിഞ്ഞ 40 ദിവസത്തിനിടെ പത്തോളം ജീവനക്കാർ ഹൃദയാഘാതം വന്ന് മരണപ്പെട്ടതായി ടിഎസ്ആർടിസി യൂണിയൻ നേതാക്കൾ പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാൻ 2 തവണ തൊഴിലാളികൾക്ക് സർക്കാർ അന്ത്യശാസനം നല്‍കിയെങ്കിലും ആകെ 1300 പേർ മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കാൻ തെലങ്കാന ഹൈക്കോടതി സർക്കാരിനോടും ടിഎസ്ആർടിസിയോടും നിർദ്ദേശിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. സർക്കാരും ജീവനക്കാരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ഇതിന് കാരണം. പണിമുടക്ക് പഠിക്കാനും പരിഹരിക്കാനും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുള്ള സമിതിയോട് ചൊവ്വാഴ്ച ഹൈക്കോടതി നിർദ്ദേശിച്ചു. സമരത്തിന് നേതൃത്വം നൽകുന്ന ടിഎസ്‌ആർടിസി ജീവനക്കാരുടെ ജോയിന്‍റ് ആക്ഷൻ കമ്മിറ്റി ഈ നിർദ്ദേശത്തെ സ്വാഗതവും ചെയ്തിരുന്നു.