ഷിംല: ഹിമാചൽ പ്രദേശിൽ ഒരാൾക്ക് കൂടി കൊവിഡ് വൈറസ് ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 34 ആയി. ഹിമാചൽ പ്രദേശിൽ ഇതുവരെ 41 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം ഒന്നു മാത്രമാണ്. ഉന ജില്ലയിൽ നിന്നുള്ള അവസാന കൊവിഡ് രോഗി അണുബാധയിൽ നിന്ന് കരകയറിയതായി അഡീഷണൽ ചീഫ് സെക്രട്ടറി ആർ.ഡി ദിമാൻ പറഞ്ഞു. ഹിമാചൽ പ്രദേശിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഉന ജില്ലയിലാണ്. ഉന ജില്ലയിൽ നിന്ന് പതിനാറ്, ചമ്പയിൽ നിന്ന് ആറ്, സോളനിൽ നിന്ന് അഞ്ച്, കാൻഗ്രയിൽ നിന്ന് നാല്, ഹാമിർപൂരിൽ നിന്ന് രണ്ട്, സിർമൂർ ജില്ലയിൽ നിന്നുള്ള ഒരു രോഗി ഉൾപ്പെടെ വൈറസ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 ദിവസമായി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പരിശോധനയ്ക്കായി അയച്ച 333 സാമ്പിളുകളിൽ 134 എണ്ണം നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവയുടെ റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്നും ദിമാൻ പറഞ്ഞു.
തണ്ടയിലെ ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെന്‍റ് മെഡിക്കൽ കോളജ് (ആർപിജിഎംസി), ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് (ഐജിഎംസി), പാലാംപൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോസോഴ്‌സ് ടെക്‌നോളജി (ഐഎച്ച്‌ബിടി) മന്ദിയിലെ ബഹാദൂർ ശാസ്ത്രി ഗവൺമെന്‍റ് മെഡിക്കൽ കോളജ് (എസ്‌എൽബിഎസ്‌ജിഎംസി) നെർചോക്ക് സോളനിലെ കസൗലിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർഐ) എന്നീ അഞ്ച് ലബോറട്ടറികളിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ 11 എണ്ണം കൊവിഡ് വൈറസ് രഹിതമാണ്. സോളൻ ജില്ലയിൽ നിന്നുള്ള നാല് രോഗികളെ ഹിമാചൽ പ്രദേശിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു.