ഭുവനേശ്വര്‍: കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ തോതില്‍ രോഗലക്ഷണമുള്ളവര്‍ക്കും വീടുകളില്‍ ചികിത്സ അനുവദിക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍. മെയ് 10ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് തീരുമാനം. എന്നാല്‍ ഇത് നഗര പ്രദേശങ്ങളില്‍ മാത്രമാണ് ബാധകമാവുക. രോഗികളെ പാര്‍പ്പിക്കാന്‍ പ്രത്യേകം മുറിയും മുറിയോട് ചേര്‍ന്ന് ശൗചാലയവും വേണം. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരെ തിരിച്ചറിയുന്നതിനായി കൈകളില്‍ പ്രത്യേക സ്റ്റാമ്പും വീടുകളില്‍ സ്റ്റിക്കറുകളും പതിപ്പിക്കുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹപത്ര പറഞ്ഞു.
രോഗം ഭേദമായി ആശുപത്രി വിടുന്നവര്‍ വീടുകളില്‍ പത്ത് ദിവസം നിരീക്ഷണത്തില്‍ കഴിയണം. അഞ്ച് വയസിന് താഴെ പ്രായമായ കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് കൊവിഡ് പരിശേധന നടത്തുന്നതില്‍ മുന്‍ഗണന. ഒഡീഷയില്‍ നിന്നുള്ള 67,535 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ 11,619 പേര്‍ തിങ്കളാഴ്‌ചയോടെ സംസ്ഥാനത്ത് തിരിച്ചെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 6,798 ഗ്രാമ പഞ്ചായത്തുകളിലായി 14,563 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.