ന്യൂഡല്‍ഹി: തൃണമൂല്‍ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ റൂഹിയുടെ വിവാഹവും വേഷവും വിവാദത്തില്‍. പാർലമെന്‍റിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നുസ്രത്ത് ജഹാൻ സിന്ദൂരം ധരിച്ച് പങ്കെടുത്തതാണ് വിവാദമാകുന്നത്. മുസ്ലിം സ്ത്രീകൾ ഇസ്ലാം മത വിശ്വാസികളായ പുരുഷൻമാരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന നിലപാടെടുത്ത മുസ്ലീംപണ്ഡിതൻമാർ എംപിക്ക് എതിരെ ഫത്വ പുറപ്പെടുവിച്ചു. എന്നാല്‍ താൻ ഇപ്പോഴും ഇസ്ലാംമത വിശാസിയാണെന്നും താൻ ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്താണ് പാർലമെന്‍റിലെത്തിയതെന്നും ജഹാൻ പ്രതികരിച്ചു.
ജാതി, മതം എന്നിവയുടെ തടസ്സങ്ങൾക്കതീതമായ ഇന്ത്യയെ ഞാൻ പ്രതിനിധീകരിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും താൻ ഇപ്പോഴും മുസ്ലീമായി തുടരുന്നുവെന്നും അവർ പറഞ്ഞു. ഞാൻ ധരിക്കാൻ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആരും അഭിപ്രായം പറയരുത്. വിശ്വാസം വസ്ത്രധാരണത്തിന് അതീതമാണ്, മാത്രമല്ല എല്ലാ മതങ്ങളുടെയും വിലമതിക്കാനാവാത്ത ഉപദേശങ്ങൾ വിശ്വസിക്കുകയും പ്രയോഗിക്കുകയും ചെയ്യുമെന്നും അവർ ട്വിറ്ററിൽ പറഞ്ഞു. നുസ്രത്ത് ജഹാൻ ഒരു ജൈനമതക്കാരനെ വിവാഹം കഴിച്ചെന്നും അത് അനിസ്ലാമികമാണെന്നും ചലച്ചിത്ര താരമായ നുസ്രത്തിന് ഇതൊന്നും അറിയില്ലെന്നും ഫത്വ പുറപ്പെടുവിച്ചുകൊണ്ട് മത പണ്ഡിതർ പറയുന്നു. അതേസമയം, ഫത്വയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സാധ്വി പ്രാഞ്ചി രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീംമത പണ്ഡിതരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് സാധ്വി പ്രാഞ്ചിയുടെ അഭിപ്രായം.