ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്‌റ്റര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതാകണമെന്ന് കോണ്‍ഗ്രസ്. പൗരത്വ ബില്ലിനോട് അനുബന്ധിച്ച് അസമില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഗുലാം നബി ആസാദ്, അദിര്‍ രഞ്ചന്‍ ചൗധരി, മുകുള്‍ സാഗ്‌മ തുടങ്ങിയ നേതാക്കള്‍ അസമിലെ സാഹചര്യം സോണിയാ ഗാന്ധിയെ ബോധിപ്പിച്ചു.
ഇന്ന് പുറത്തിറങ്ങിയ രജിസ്റ്ററിലേക്ക്, 3.28 കോടി ആളുകള്‍ അപേക്ഷ നല്‍കിയെങ്കിലും 3.11 കോടി പേര്‍ മാത്രമാണ് ലിസ്റ്റിലുള്ളത്. 19 ലക്ഷത്തോളം അസം സ്വദേശികള്‍ ലിസ്റ്റിന് പുറത്താണ്.
ഇന്ത്യക്കാരായിട്ടുപോലും രജിസ്റ്ററില്‍ പേരില്ലാത്തവരെ രജിസ്റ്ററില്‍ ചേര്‍ക്കണമെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും അദിര്‍ രഞ്ചന്‍ ആവശ്യപ്പെട്ടു.
രജിസ്റ്ററില്‍ പേരില്ലാത്ത ഇന്ത്യന്‍ പൗരന്‍മാരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നും, രജിസ്റ്ററില്‍ പേരില്ലാത്തതിന്‍റെ പേരില്‍ പ്രശ്നത്തിലായിരിക്കുന്ന ഓരോ കുടുംബത്തിന്‍റെയും സാഹചര്യം നേരിട്ട് പോയി മനസിലാക്കണമെന്നും, എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കണമെന്നും മുന്‍ മേഖാലയ മുഖ്യമന്ത്രി മുകുള്‍ സാഗ്മ ആവശ്യപ്പെട്ടു.