ന്യൂഡൽഹി: പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിന് രാജ്യം സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇന്ത്യ സന്നദ്ധത മുമ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് കഴിഞ്ഞ ദിവസമാണ് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
പാകിസ്ഥാനുമായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാടിന് മാറ്റമില്ലെന്നും പാകിസ്ഥാൻ ഭീകരവാദവും അക്രമവും ഉപേക്ഷിക്കാതെ അതിന് വഴി തുറക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഒരു അഭിമുഖത്തിനിടെയാണ് മൊയീദ് പ്രസ്താവന നടത്തിയത്. ജമ്മു കാശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, മേഖലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ഉപാധികൾ പാകിസ്ഥാൻ മുന്നോട്ട് വച്ചിരുന്നതായി മൊയീദ് പറഞ്ഞിരുന്നു.