ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ അക്ഷയ് താക്കൂര്‍ കൂടി ദയാഹര്‍ജി കൊടുത്തതില്‍ രോഷം പ്രകടിപ്പിച്ച് നിര്‍ഭയുടെ അമ്മ. കേസ് മനപ്പൂര്‍വം വൈകിപ്പിക്കുന്നതിനാണ് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നതെന്ന് നേരത്തെയും അവര്‍ പറഞ്ഞിരുന്നു. ലോകം മുഴുവന്‍ കാണുകയാണ്. നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് അഭിഭാഷകന്‍ ചെയ്യുന്നത്. കോടതികളുടെ നിഷ്ക്രിയത്വം ഞെട്ടിക്കുന്നതാണെന്നും അവര്‍ പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് പ്രതികള്‍ ദയാഹര്‍ജി കൊടുക്കുന്നു. എന്തുകൊണ്ടാണ് സുപ്രീംകോടതി വളരെയധികം സമയം അനുവദിക്കുന്നത്. സുപ്രീംകോതിയില്‍ വിശ്വസിക്കുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്രത്തോടും രാഷ്ട്രപതിയോടും എത്രയും വേഗം വധശിക്ഷ നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. അതേസമയം വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയായ അക്ഷയ് താക്കൂര്‍ സമർപ്പിച്ച അപേക്ഷയിൽ റിപ്പോർട്ട് നൽകാൻ ഡല്‍ഹി കോടതി ശനിയാഴ്ച തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
വിനയ് ശർമ, അക്ഷയ് താക്കൂര്‍, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നീ നാല് പ്രതികളെ മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിക്കൊല്ലാനാണ് തീരുമാനം. അതിനിടയിലാണ് അക്ഷയ് താക്കൂര്‍ വീണ്ടും ദയാഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 2012 ഡിസംബർ 16ന് രാത്രിയിലാണ് പാരാമെഡിക്കൽ വിദ്യാർഥിയെ ഓടുന്ന ബസ്സിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്.