ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിൽ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. മാർച്ച് മൂന്നിന് തൂക്കിലേറ്റാനിരിക്കെയാണ് നാല് പ്രതികളും ഹർജി സമർപ്പിച്ചത്. പുതിയ ദയാഹർജിയിലും ക്യുറേറ്റീവ് അപേക്ഷയിലും തീരുമാനം ഉണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ഹർജിയിൽ നാളെ രാവിലെ പത്ത് മണിക്ക് വാദം കേൾക്കും. പ്രതികളുടെ അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. മുൻ വാദം പൂർത്തിയാകാത്തതിനാൽ അക്ഷയ് കുമാർ സിങ് പുതിയ ദയാഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ എ.പി സിങ് അറിയിച്ചു. മറ്റൊരു പ്രതി പവൻ ഗുപ്‌ത ക്യുറേറ്റീവ് അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുകേഷ് കുമാർ സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ സിങ് എന്നിവരുടെ ദയാഹർജികൾ രാഷ്‌ട്രപതി തള്ളിയിരുന്നു.