ഹൈദരാബാദ്: ഈ കുറിപ്പെഴുതുന്ന സമയത്ത് ഡിസംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ ബലാത്സംഗത്തിനിരയായ ശേഷം അക്രമികള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പതിനെട്ട് വയസുകാരി കാണ്‍പൂരിലെ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുകയാണ്. ഇന്ത്യയില്‍ ഒരു ദിവസം നടക്കുന്ന നൂറുക്കണക്കിന് ബലാത്സംഗ കേസുകളില്‍ ഒന്നുമാത്രമാണ് ഇത്.
2012 ഡിസമ്പര്‍ 16ന് ഡല്‍ഹിയിലെ മുനിര്‍ക്കയില്‍ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പിന്നീട് മരണത്തിന് കീഴ്‌പ്പെടുകയും ചെയ്‌ത ദാരുണസംഭവത്തിന്‍റെ ഏഴാം വാര്‍ഷികത്തിലും തുടരുന്ന ഇത്തരം സംഭവങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്.
ഏഴ് വര്‍ഷം മുമ്പ് ഡല്‍ഹിയിലുണ്ടായ ആ ദാരുണസംഭവം ഇന്ന് അറിയപ്പെടുന്നത് 'നിര്‍ഭയ' കേസ് എന്ന പേരിലാണ്. ആ കേസിലെ നീതിന്യായ നടപടികളുടെ പരിസമാപ്തിക്ക് കാത്തിരിക്കുകയാണ് ഇപ്പോഴും നിര്‍ഭയയുടെ അമ്മ. ആ കേസില്‍ മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നാലുപേര്‍ക്കുമുള്ള മരണവാറണ്ട് പുറപ്പെടുവിക്കുമോ?
പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. അതേസമയം, പ്രതികളില്‍ ഒരാള്‍ നല്‍കിയ അവസാനത്തെ റിവ്യൂ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. യാദൃശ്ചികമെന്ന് പറയട്ടെ, കുപ്രസിദ്ധമായ ഉന്നാവോ ബലാത്സംഗ കേസില്‍ ഡല്‍ഹി കോടതി വിധിപറയുന്നതും ഇതേ ദിവസം തന്നെയാണ്. ബി.ജെ.പി എം.എല്‍.എയും അദ്ദേഹത്തിന്‍റെ അനുയായികളും പ്രതികളായ ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ജൂണിലാണ്.
പ്രധാനപ്രതിയുടെ രാഷ്ട്രീയസ്വാധീനശക്തി കാരണം ഈ കേസിന് ഭീകരതയുടെ ഒരു പുതിയ മാനം കൈവന്നു. ഇരയായ പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും എതിരേ പ്രാദേശിക പൊലീസ് മറ്റ് പല ക്രിമിനല്‍ കേസുകളും ചാര്‍ജ് ചെയ്‌തു. കൂടാതെ, പെണ്‍കുട്ടിയും അവളുടെ അഭിഭാഷകനും അടുത്ത ബന്ധുക്കളും കോടതിയിലേക്കുള്ള യാത്രയില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയുമുണ്ടായി. കഴിഞ്ഞ മാസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഞെട്ടിപ്പിക്കുന്ന ഒട്ടേറെ അതിക്രൂരമായ ബലാത്സംഗ സംഭവങ്ങള്‍ നടന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ ആഴത്തില്‍ വേരുപടര്‍ത്തിക്കഴിഞ്ഞ ബലാത്സംഗ സംസ്‌കാരമാണ്. ഭരണകൂടത്തിനോ സമൂഹത്തിനോ ഇത്തരം സംഭവങ്ങളില്‍ നിന്ന് ഫലപ്രദവും സുസ്ഥിരവുമായ രീതിയില്‍ പരിരക്ഷ നല്‍കുന്നതിനോ അവ കുറയ്ക്കുന്നതിനോ സാധിക്കുന്നില്ല.
ഇതുസംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോ പുറത്ത് വിട്ടത്. 2017-ല്‍ എടുത്ത കണക്ക് പ്രകാരം രാജ്യത്ത് നടന്നിട്ടുള്ള ബലാത്സംഗ കേസുകളുടെ എണ്ണം 33, 885 ആയിരുന്നു. അതായത് ദിവസം തോറും 93 സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നു. അതില്‍ തന്നെ മൂന്നിലൊന്നു ആള്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. മാത്രമല്ല 88,000 സ്ത്രീകള്‍ ലൈംഗികപീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അതായത് പ്രതിദിനം അത്തരം 240 സംഭവങ്ങള്‍ നടക്കുന്നുവെന്നാണ്. കഴിഞ്ഞ മാസം ഉണ്ടായ കൂടുതല്‍ പ്രകടമായ ചില സംഭവങ്ങള്‍ നാടിനെയാകമാനം രോഷാകുലമാക്കുകയുണ്ടായി. അവയില്‍ ഒന്നായിരുന്നു തെലങ്കാനയിലെ ഹൈദരാബാദില്‍ ഒരു വെറ്റ്റനറി ഡോക്‌ടറെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം.
ഉന്നാവോയില്‍ വിവാഹ വാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ മൊഴി നല്‍കാന്‍ പോകവേ തീ കൊളുത്തി കൊലപ്പെടുത്തി. പറ്റ്നയിലെ ഒരു കോളജില്‍ 20 വയസ് പ്രായമായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതും സമീപനാളുകളിലാണ്. രാജ്യത്തെ തലകുനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളുടെ പട്ടിക നീണ്ടുപോകുകയാണ്.
വൈകി ലഭിക്കുന്ന 'നീതി' നീതിനിഷേധം തന്നെയാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഹൈദരാബാദിലെ വനിതാഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാത്രിയില്‍ ഉണ്ടായ പൊലീസ് ഏറ്റുമുട്ടലിന്‍റെ രൂപത്തില്‍ പ്രതികള്‍ക്കെതിരെ “തല്‍ക്ഷണ നീതി” നടപ്പാക്കപ്പെടുകയായിരുന്നു. സര്‍ക്കാരില്‍ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ അടക്കം പല മേഖലയിലുള്ളവരും ഈ നടപടിയെ പിന്തുണച്ചുവെങ്കിലും നമ്മുടെ ഭരണകൂടവും സമൂഹവും ആപല്‍ക്കരമായ പതനത്തിലേക്കാണ് വഴുതിവീണുകൊണ്ടിരിക്കുന്നതെന്നാണ് ഈ സംഭവം കാണിക്കുന്നത്.
നിയമപ്രകാരമുള്ള അന്വേഷണവും നീതി നിര്‍വഹണവും അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണിത്. വാസ്തവത്തില്‍ ഇവിടെ പൊലീസ് തന്നെ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണം പ്രശംസിക്കപ്പെടുകയും നിയമം നടപ്പാക്കാന്‍ നിയുക്തമായ പൊലീസ് തന്നെ പ്രതികാരബുദ്ധിയോടെ കൂട്ടക്കൊല നടത്തുന്നത് നിയമാനുസൃതമായി കാണുകയും ചെയ്യുന്നു. ഇത് ആപല്‍ക്കരമായ പ്രവണതയാണ്.
33 ദശലക്ഷത്തിലേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന (അവയില്‍ ചിലതിന് 50 വര്‍ഷത്തെ പഴക്കമുണ്ട്) ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ പാളിച്ചകളിലേക്കാണ് ചൂണ്ടിക്കാട്ടുന്നതെങ്കില്‍, ഘടനാപരമായ ന്യൂനതകള്‍ അതിലേറെ ആഴത്തില്‍ പ്രകടമാണ്. ഒരു മാതൃകാപരമായ ജനാധിപത്യവ്യവസ്ഥയുടെ മുഖ്യസവിശേഷത നിയമവാഴ്ചയാണ്. എന്നാല്‍ സൂക്ഷ്മമായ വിലയിരുത്തലില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ നിയമസംവിധാനം വലിയതോതില്‍ വികൃതമാക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.
ഒരു ജനാധിപത്യ സംവിധാനത്തില്‍ നിയമസഭാസാമാജികര്‍ക്ക് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധികള്‍ എന്ന നിലയ്ക്കും ഭരണഘടനക്ക് കീഴില്‍ നിയമം നിര്‍മിക്കുന്നവരെന്ന നിലയ്ക്കും ഒരു നിര്‍ണായക സ്ഥാനമുണ്ട്. ലോകത്തെവിടെയും ബലാല്‍സംഗം ഇത്രയും വ്യാപകമായിത്തീരാന്‍ കാരണമായി പലപ്പോഴും പറയപ്പെടുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമോ പുരുഷാധിപത്യമോ പൊതുവേ ലോകമാകെ ബലാല്‍സംഗത്തെ ഒരു മനുഷ്യാവസ്ഥയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നതോവാണ്.
ഇന്ത്യക്കകത്തും പുറത്തും സമ്പന്നര്‍ക്കും അധികാരശക്തിയുള്ളവര്‍ക്കും എതിരെ ഉയര്‍ന്നുവരുന്ന മീടൂ വിവാദങ്ങള്‍ വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ അമ്പരപ്പിക്കുന്നവയാണ്. ഉന്നാവോ-സെങ്കാര്‍ കേസ് ഹിമാനിയുടെ അഗ്രം മാത്രമാണ്. എഡിആര്‍( അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോം) ഇന്ത്യയിലെ പാര്‍ലമെന്‍റ്, നിയമസഭാ സാമാജികരെക്കുറിച്ച് വിശദമായ ഒരു സര്‍വേ നടത്തുകയുണ്ടായി. ആ സര്‍വേ ഫലം തീര്‍ച്ചയായും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കാവല്‍ക്കോട്ടയായ ലോകസഭയിലെ എംപിമാരില്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രഖ്യാപിത കേസുകളില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ 850 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ലൈംഗികാക്രമണകാരികളായ ജനാധിപത്യത്തിന്‍റെ ഈ കാവല്‍ ഭടന്മാരുടെ മൊത്തക്കണക്കിനെ കക്ഷികളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ നാം കൂടുതല്‍ അമ്പരന്നുപോകും. എഡിആര്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ “ഏറ്റവും അധികം ലൈംഗിക കുറ്റാരോപിതരായ എംപിമാര്‍/എംഎല്‍എമാര്‍ ഉള്ളത് ബിജെപിയിലാണ്- 21 പേര്‍. എംപിമാരോ എല്‍എല്‍എമാരോ ആയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ 16 പേരും വൈഎസ്‍ആര്‍സിപിയിലെ ഏഴ് പേരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപിത കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.”
ഇന്ത്യയിലെ ബലാലത്സംഗ സംസ്‌കാരത്തെ അര്‍ത്ഥപൂര്‍ണമായി നേരിടുന്നതില്‍ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതെ പോകുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ? രാജ്യം 2020-ലേക്ക് പ്രവേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഉന്നാവോ-സെങ്കാര്‍ കേസിലും ഡല്‍ഹി-നിര്‍ഭയ കേസിലും ഉണ്ടാകാന്‍ പോകുന്ന വിധികള്‍ അവ തുല്യനീതിയാണോ നടപ്പാക്കിയത് എന്ന് അവലോകനം ചെയ്യുന്നത് തികച്ചും അര്‍ത്ഥവത്തായിരിക്കും.