ലണ്ടൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നീരവ് മോദി റിമാൻഡ് വാദത്തിനായി വ്യാഴാഴ്ച ലണ്ടൻ ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകും. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനായി സ്ഥിരീകരിച്ച തീയതി അടുത്ത വർഷം മെയ് മാസത്തിൽ നൽകുമെന്ന് കോടതി വ്യക്തമാക്കി. അടുത്ത വർഷം മെയ് 11ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ കൈമാറൽ വിചാരണ സ്ഥിരീകരിക്കാൻ കോടതി ഗുമസ്തന് നിർദേശം നൽകിയതായി ഓഗസ്റ്റ് 22 ന് നടന്ന അവസാന വിചാരണയിൽ ജഡ്‌ജി ടാൻ ഇക്രം പറഞ്ഞിരുന്നു.
അടുത്ത വർഷം ഫെബ്രുവരിയിൽ കൈമാറ്റത്തിന് മുൻപ് കേസ് നടത്തിപ്പിനേപ്പറ്റി വാദം കേൾക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നായ തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് മോദി ഇപ്പോളുള്ളത്. യുകെ നിയമപ്രകാരം വിചാരണ തീർപ്പാക്കാത്ത കേസുകളിൽ 28 ദിവസത്തെ ഇടവേളകളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കണം.
അറസ്റ്റിലായതിനുശേഷം, സോളിസിറ്റർ ആനന്ദ് ഡൂബെയുടെയും ബാരിസ്റ്റർ ക്ലെയർ മോണ്ട്ഗോമറിയുടെയും നേതൃത്വത്തിലുള്ള നിയമസംഘം നൽകിയ മോദിയുടെ നാല് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. മോദി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഓരോ തവണയും ജാമ്യം നിരസിക്കപ്പെട്ടത്.