ഹൈദരാബാദ്: ചാരിറ്റി ജോലികൾക്കായി വിദേശ ഫണ്ട് അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് 29.74 ലക്ഷം രൂപയിൽ കൂടുതൽ വഞ്ചിച്ച കേസിൽ നൈജീരിയക്കാരനായ 32 കാരന്‍ ഉള്‍പ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയും അറസ്റ്റിലായ ഇരുവരും കഴിഞ്ഞ ഒക്ടോബറിൽ തട്ടിപ്പിനിരയായ ആളെ ബന്ധപ്പെടുകയും ഒരു വിദേശി 4 കോടി രൂപ യുഎസ് ഡോളർ ചാരിറ്റിക്ക് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തതായി രാച്ചക്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം ഭഗവത് പറഞ്ഞു. സംഭാഷണത്തിനിടെ ആത്മീയ കാര്യങ്ങളെക്കുറിച്ച് പ്രതി ഇരയുമായി ചർച്ച നടത്തി ഇരയുടെ വിശ്വാസം നേടി.
പിന്നീട്, ഒരു വിദേശ പണമടയ്ക്കൽ വകുപ്പിന്‍റെ എക്സിക്യൂട്ടീവ് ആയി മറ്റൊരാള്‍ എത്തുകയും വിദേശ ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള വിവിധ ചാർജുകൾ അറിയിക്കുകയും പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒക്ടോബർ 27 മുതൽ നവംബർ 6 വരെ പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പെൺകുട്ടി 29.74 ലക്ഷം രൂപ നിക്ഷേപിച്ചതായി പൊലീസ് പറഞ്ഞു. തട്ടിപ്പുകാർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ പൊലീസ് സംഘം പ്രതി എവിടെയാണെന്ന് കണ്ടെത്തുകയും അയാളെ പിടികൂടാനായി ഡല്‍ഹിയിലേക്ക് പോവുകയും ചെയ്തു. പിടികൂടുന്നതിനിടെ നൈജീരിയക്കാരനായ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടയില്‍ സബ് ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും ആക്രമിച്ചതായും അധികൃതര്‍ അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരകളുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പ്രതികൾ ഓൺലൈൻ തട്ടിപ്പ് നടത്തിയതെന്നും ഇന്ത്യയിൽ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ട് അയയ്ക്കുകയെന്ന വ്യാജേന ഇരയെ പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.