എറണാകുളം: രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്‌ഡിൽ ഒമ്പത് അൽഖ്വയ്‌ദ തീവ്രവാദികൾ അറസ്റ്റിൽ. പെരുമ്പാവൂരിൽ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ മൂന്ന് പേരെ പിടികൂടി. അറസ്റ്റിലായവരെ എൻഐഎ വിശദമായി ചോദ്യം ചെയ്യുകയാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹസൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടിയിലായവർ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന കേരളത്തിലെത്തി പെരുമ്പാവൂരിലെ മുടിക്കലിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്നും ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതായാണ് എൻഐഎ നൽകുന്ന വിവരം.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ പരിശോധനയില്‍ ആറ് തീവ്രവാദികളും പിടിയിലായിട്ടുണ്ട്. ബംഗാളിലെ റെയ്‌ഡിന്‍റെ തുടർച്ചയായാണ് എൻഐഎ പെരുമ്പാവൂരിലെ മുടിക്കലിൽ പരിശോധന നടത്തിയത്. പൊലീസിന്‍റെ സഹായത്തോടെ വീടുവളഞ്ഞ് തീവ്രവാദികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായവര്‍ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായും സംശയിക്കുന്നുണ്ട്. പെരുമ്പാവൂരിൽ അറസ്റ്റിലായ പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.