ന്യൂഡൽഹി: ലഷ്‌കർ ഇ ത്വയ്‌ബ പ്രവർത്തകയായ താനിയ പ്രവീണിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാനായി ജൂൺ 12നാണ് താനിയ പ്രവീണിനെ ദേശീയ അന്വേഷണ ഏജൻസിക്ക് കസ്റ്റഡിയിൽ ലഭിച്ചത്. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുമായി താനിയക്ക് ബന്ധമുണ്ടെന്നും പാകിസ്ഥാനിലെ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ഭാഗമായി താനിയ പ്രവീൺ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ആരോപണം.
തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസി ടീം കൊൽക്കത്തയിൽ വച്ചാകും ഇവരെ ചോദ്യം ചെയ്യുക. മാർച്ച് 20നാണ് താനിയ അറസ്റ്റിലായത്. തുടർന്ന് 14 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഡുംഡം സെൻട്രൽ ജയിലിലായിരുന്നു ഇവർ. 10 വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് താനിയ പ്രവീൺ ഇന്ത്യയിലെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വിവിധ പാകിസ്ഥാൻ സിം കാർഡുകൾ ഇവർ ഉപയോഗിക്കുന്നുണ്ടെന്നും പാകിസ്ഥാനിലെ നിരവധി ലഷ്‌കർ ഇ ത്വയ്‌ബ പ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ടെന്നും താനിയ പ്രവീണിനെതിരെ ആരോപണമുണ്ട്.