ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ അന്വേഷണം പുരോഗമിക്കുന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ, സെക്യൂരിറ്റി ജീവനക്കാര്‍, ലൈബ്രറി സ്റ്റാഫുകൾ തുടങ്ങിയവരില്‍നിന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സര്‍വകലാശാല വിദ്യാര്‍ഥികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 15നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ കയറി ഡല്‍ഹി പൊലീസ് അക്രമിച്ചത്. സംഭവത്തില്‍ ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാൻസിലര്‍ നജ്‌മ അക്‌തര്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ജാമിയയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വൈസ് ചാൻസലർ ആരോപിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച ജാമിയയിലെ നൂറോളം വിദ്യാര്‍ഥികൾ വൈസ് ചാൻസിലറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഡിസംബര്‍ 15നുണ്ടായ സംഭവത്തില്‍ ഡല്‍ഹി പൊലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, പരീക്ഷ തീയതികൾ പുനക്രമീകരിക്കണം, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.