ന്യൂഡൽഹി: കര്‍ത്താര്‍പൂർ ഗുരുദ്വാരയുടെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി. പാകിസ്ഥാനിലേക്കുള്ള യാത്രക്ക് അനുതി തേടി സിദ്ദു കേന്ദ്രത്തെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് പിന്നാലെ സിദ്ദുവിന് പാകിസ്ഥാന്‍ വിസ അനുവദിച്ചു. ഇടനാഴിയിലൂടെ പാകിസ്ഥാനിലേക്കുള്ള പ്രവേശനത്തിന് വിസ നിര്‍ബന്ധമാണെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെയാണ് ഇടനാഴിയുടെ ഔദ്യോഗിക ഉദ്ഘാടനം.
ചടങ്ങില്‍ പങ്കടുക്കാന്‍ സിദ്ദുവിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാത്രയ്‌ക്ക് അനുമതി തേടി സിദ്ദു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ രണ്ട് തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. അനുമതി ലഭിച്ചില്ലെങ്കില്‍ സാധാരണ തീര്‍ഥാടകനായി ഗുരുദ്വാരയിലേക്ക് പോകുമെന്ന് സിദ്ദു പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മൂന്നാമതും കത്തയച്ച ശേഷമാണ് സിദ്ദുവിന് യാത്രാനുമതി ലഭിക്കുന്നത്.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് നാല് കിലോമീറ്റർ അകലെ പാകിസ്ഥാനിലെ കർത്താർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടുത്തെ ദർബാർ സാഹിബിലാണ്. ഇന്ത്യയിൽ നിന്നുള്ള 5000 പേർക്ക് ദിവസേന സന്ദർശനാനുമതി നൽകുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. അതേസമയം ഉദ്ഘാടന ദിവസമായ നാളെ ഇന്ത്യക്കാരില്‍ നിന്ന് സന്ദര്‍ശനത്തിനുള്ള ഫീസ് ഈടാക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.