ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് മോദി പിറന്നാള്‍ ആഘോഷിക്കുക. മോദിയുടെ പിറന്നാള്‍ സേവാ വാരമായി ആചരിക്കുകയാണ് ബിജെപി. 'സേവ സപ്താഹ്' എന്നു പേരിട്ടിരിക്കുന്ന ശുചീകരണ പരിപാടിയാണ് പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി നടത്തുക. അമിത് ഷാ മുതല്‍ താഴേത്തട്ട് വരെയുള്ള ബിജെപി പ്രവര്‍ത്തകരോട് ഇന്നത്തെ ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനോ രക്തം ദാനം ചെയ്യാനോ നിര്‍ദ്ദേശമുണ്ട്.
പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി ആരോഗ്യപരിപാലന-നേത്ര പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും. മോദിക്ക് ആശംസയുമായി 700 അടി നീളമുള്ള കേക്ക് സൂററ്റിലെ ബേക്കറിയില്‍ തയ്യാറാക്കിയിട്ടുണ്ട്. മോദിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി വിവിധ പൂജകൾ നടക്കുന്നുണ്ട്. രാവിലെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി അമ്മ ഹീരബെന്നില്‍ നിന്ന് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് നർമദ ജില്ലയിലെ സർദാർ സരോവർ അണക്കെട്ട് മോദി സന്ദർശിച്ചു. അവിടെ അദ്ദേഹം 'മാ നര്‍മദ പൂജയും' നടത്തി.
2017ൽ മോദി ഉദ്ഘാടനം ചെയ്ത നർമദ ഡാമിലെ ജലനിരപ്പ് അതിന്‍റെ ഉയർന്ന പരിധിയായ 138.68 മീറ്ററിലെത്തിയതും അദ്ദേഹം സന്ദർശിക്കും. "നമാമി നർമദ് മഹോത്സവ്" എന്ന പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് അണക്കെട്ടില്‍ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. സര്‍ദാര്‍ സരോവര്‍ ഡാമിന്‍റെ കണ്‍ട്രോള്‍ റൂമും അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് കേവാഡിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.