ലഖ്‌നൗ: രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിന് അയോധ്യ ഒരുങ്ങുന്നതിനിടയിൽ, 'ഗംഗ-ജമുനി തഹ്‌സീബിന്‍റെ' പാരമ്പര്യം ഉയർത്തിപ്പിടിച്ച് ഒരു മുസ്ലീം കുടുംബം. മുസ്ലീം മത ഘടകങ്ങളുമായി ഹിന്ദു സാംസ്കാരിക ഘടകങ്ങളുടെ സമന്വയത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെ സംസ്കാരമാണ് ഗംഗ-ജമുനി തഹ്‌സീബ്.
ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടക്കുക. രാം ക്ഷേത്ര പ്രസ്ഥാനത്തെ പിന്തുണച്ച ബബ്ലു ഖാനും കുടുംബവും ഇവിടെ 501 വിളക്കുകൾ ക്രമീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വഭവനത്തിൽ തന്നെ വിളക്കുകൾ കൊളുത്തി ക്ഷേത്ര നിർമാണം ആഘോഷിക്കുമെന്നും വികസനത്തിന്‍റെയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്‍റെയും പ്രതീകമായി ഓഗസ്റ്റ് അഞ്ച് മാറുമെന്നും ഈ കുടുംബം പറയുന്നു. ശിലാ സ്ഥാപന ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4, 5 തീയതികളിൽ അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും പരിസരങ്ങളും പ്രത്യേകമായി വൃത്തിയാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്രത്തിന്‍റെ "ഭൂമി പൂജ" ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാമജന്മഭൂമി പരിസരത്തോട് ചേർന്നുള്ള പള്ളികൾ സാമുദായിക ഐക്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ്. 70 ഏക്കർ വരുന്ന രാമജന്മഭൂമി പരിസരത്ത് എട്ട് പള്ളികളും രണ്ട് ശവകുടീരങ്ങളുമുണ്ട്.