മുംബൈ: പുതുതായി നിർമിച്ച 19 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം കൊവിഡ് രോഗികളെ പാര്‍പ്പിക്കാനായി വിട്ടുനല്‍കി മുംബൈയിലെ കെട്ടിട നിർമാതാവ്. ഷീജി ശരൺ ഡവലപ്പേഴ്‌സ് ഉടമ മെഹുൽ സംഘ്‌വിയാണ് കെട്ടിടം ക്വാറന്‍റൈൻ കേന്ദ്രമാക്കാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) കൈമാറിയത്.
മലാദിലെ എസ്.വി റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ 130 ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റുകൾ ഉടമകൾക്ക് കൈമാറാനായുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് ഇവര്‍ കെട്ടിടം ക്വാറന്‍റൈൻ കേന്ദ്രമാക്കാൻ തീരുമാനിച്ചത്. നാല് രോഗികൾക്ക് ഒരു ഫ്ലാറ്റെന്ന നിലയില്‍ 300 രോഗികളെ കെട്ടിടത്തിലേക്ക് ഇതുവരെ മാറ്റിപാര്‍പ്പിച്ചു. ഇവിടെ ഇവര്‍ക്ക് ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലാദ് എംപി ഗോപാൽ ഷെട്ടിയും സ്ഥലം എംഎല്‍എയും പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കി. മെഹുൽ സംഘ്‌വിയെ പോലുള്ള ആളുകൾ വ്യക്തി താല്‍പര്യങ്ങൾ മാറ്റിവെച്ച് സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗോപാല്‍ ഷെട്ടി എംപി പറഞ്ഞു.
ശനിയാഴ്ച മഹാരാഷ്ട്രയിൽ 3,874 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,28,205 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 160 മരണങ്ങൾ കൂടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തു. 5,984 പേരാണ് ആകെ മരിച്ചത്. അതേസമയം മുംബൈയിൽ 136 മരണങ്ങളും 1,197 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. നഗരത്തിലെ മൊത്തം രോഗബാധിരുടെ എണ്ണം 65,265 ആണ്. 3,559 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.