ഭോപ്പാൽ: മധ്യപ്രദേശിലെ നർസിംഗ്‌പൂര്‍ ജില്ലയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചവരെല്ലാവരും അഥിതി തൊഴിലാളികളാണ്. അപകടത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ഞായറാഴ്ച വൈകിട്ട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലേക്ക് അഥിതി തൊഴിലാളികളുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. 20 പേർ വാഹനത്തിൽ ഉണ്ടായിരുന്നതായി പൊലീസ് സൂപ്രണ്ട് രാജേഷ് തിവാരി പറഞ്ഞു. മാമ്പഴം കയറ്റികൊണ്ട് വന്നിരുന്ന ലോറിയുമായാണ് ട്രക്ക് കൂട്ടി ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് അയച്ചതായി എഎസ്‌പി അറിയിച്ചു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളും പരിക്കേറ്റ് ചികിത്സയിലാണ്.