ഭോപാല്‍: മധ്യപ്രദേശില്‍ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ നാളെ പ്രഖ്യാപിക്കും. 28 മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ കഴിഞ്ഞ് 9 ദിവസമായിട്ടും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിരുന്നില്ല. ജോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന 12 പേര്‍ പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍ക്കൊപ്പം ഉണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യയ്‌ക്കും ഒപ്പമുള്ളവര്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിച്ചത് ഭരണകക്ഷിയായ ബിജെപിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മാര്‍ച്ചിലാണ് ജോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടത്. നാളെ വകുപ്പ് വിഭജനം നടത്തുമെന്ന് ഗ്വാളിയോറില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാധ്യമങ്ങളോടായി പറഞ്ഞു.
ജൂലായ് 2ന് മന്ത്രിസഭയുടെ രണ്ടാം ഘട്ട വികസന വേളയില്‍ വകുപ്പു വിഭജനം ചര്‍ച്ച ചെയ്യാനായി ന്യൂഡല്‍ഹിയിലെ ഉന്നത ബിജെപി നേതാക്കളെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചിരുന്നു. 28 മന്ത്രിമാരില്‍ 12 പേരും ജോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇത് സംസ്ഥാന ബിജെപി നേതൃത്വത്തിനിടയില്‍ മുറുമുറുപ്പിന് കാരണമായി തീര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 21ന് നടന്ന ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയുടെ ആദ്യ വിപൂലീകരണ വേളയില്‍ 5 മന്ത്രിമാരെ പുതുതായി മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ജോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലെത്തിയവരുമാണ്.
ഇതിനിടെ ക്യാബിനറ്റ് മന്ത്രിസഭാ വികസനം പൂര്‍ത്തിയായി എട്ട് ദിവസം കഴിഞ്ഞിട്ട് പോലും വകുപ്പ് വിഭജനം നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്‌തിരുന്നു. കടുവ പല്ലില്ലാതായിപ്പോയോ, ആരാണ് ഒളിച്ചോടുന്നതെന്ന് നമ്മുക്ക് നോക്കാമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. വ്യാഴാഴ്ച്ചത്തെ മന്ത്രിസഭാ വികസനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളോടായി കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ജോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.