ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം നടത്തുമെന്ന് സൂചന. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനം ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. ഓഗസ്റ്റിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച മുതൽ പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കും. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ എങ്ങനെ നടത്തുമെന്നതാണ് കേന്ദ്രസർക്കാരിന് മുമ്പിലുള്ള ആശങ്ക.
പാർലമെന്‍ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭ ഉപസമിതിയുടെ യോഗത്തിന് ശേഷമായിരിക്കും ഇതിൽ അന്തിമതീരുമാനം ഉണ്ടാകുക. സാമൂഹിക അകലം പാലിച്ചുകൊണ്ട് സഭകളിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിനെയും യോഗത്തിൽ ചർച്ച ചെയ്യും. എംപിമാർക്ക് ഇരിക്കുന്നതിനായി സെൻട്രൽ ഹാൾ, ജിഎംസി ബാലയോഗി ഹാൾ എന്നിവയിലും മറ്റ് ഹാളുകളിലും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കാനും സാധ്യതയുണ്ട്. കൊവിഡ് സാഹചര്യത്തിൽ സഭയുടെ ക്രമീകരണങ്ങളെ കുറിച്ച് പാർലമെന്‍റ് അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം. അതേ സമയം, വെർച്വൽ പാർലമെന്‍റായി നടത്താനും ചർച്ചകൾ നടക്കുന്നു.